സ്ത്രീകളുടെ നേട്ടങ്ങളെ ആഘോഷിക്കാനായി ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട ദിവസമാണ് മാർച്ച് 8 വനിതാ ദിനം. ചരിത്രത്തിലുടനീളം സ്ത്രീകൾ നൽകിയ സംഭാവനകളെ ഓർക്കാനും സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന്യത്തെ കുറിച്ചു ബോധവൽക്കരിക്കാനും ഒരു ദിനം. എന്നാൽ, വനിതാ ദിനത്തിൽ മാത്രമല്ല, സ്ത്രീകൾക്ക് പ്രധാന്യവും തുല്യതയും നൽകേണ്ടത് എന്നതാണ് ഓർക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം.
ചരിത്രത്തിൽ പല മേഖലകളിലും തന്റേതായ സംഭാവനകൾ നൽകിയിട്ടും അംഗീകാരം ലഭിക്കാതെ പോയ ഒട്ടേറെ വനിതകൾ നമ്മുടെ രാജ്യത്തുണ്ട്. പല മേഖലകളും സ്ത്രീകൾക്ക് നിഷിദ്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇവയിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ മാറ്റി നിർത്തിയിരുന്ന ഒരു മേഖലയാണ് സിനിമ. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാ സാഹിബ് ഫാൽക്കേ പോലും തന്റെ ആദ്യ സിനിമയായ രാജ ഹരിശ്ചന്ദ്രയിൽ പുരുഷനെ നായികയാക്കി വേഷമിടീക്കാൻ നിർബന്ധിതനായതും അതുകൊണ്ടാണ്. രാജ ഹരിശ്ചന്ദ്രയിൽ ഹരിശ്ചന്ദ്രശന്റ ഭാര്യയായി വേഷമിട്ടത് അന്ന സാലൂങ്കേ എന്ന നടനായിരുന്നു.
എന്നാൽ, തന്റെ രണ്ടാമത്തെ സിനിമയിൽ ഫാൽക്കേ ചരിത്രം സൃഷ്ടിച്ചു. തന്റെ ആദ്യ നായികയെ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു. ഭസ്മാസുർ എന്ന ചിത്രത്തിൽ ദുർഗാഭായി കാമത്തിനെ ഫാൽക്കേ നായികയാക്കി. അവരുടെ മകൾ കമലാഭായി ഗോഖലയെ ആദ്യ ബാലതാരമായും ഫാൽക്കേ അവതരിപ്പിച്ചു. അങ്ങനെ ഇന്ത്യൻ സിനിമയ്ക്ക് ആദ്യത്തെ നായിക പിറന്നു. ഭസ്മാസുറിൽ പാർവതീ ദേവിയെ ആണ് ദുർഗാഭായി അവതരിപ്പിച്ചത്. കമലാഭായി മോഹിനിയായും വേഷമിട്ടു.
സിനിമയിൽ അഭിനയിച്ചതിന് കനത്ത ദുരിതങ്ങളാണ് ദുർഗാഭായിക്ക് നേരിടേണ്ടി വന്നത്. അവക്കെതിരെ സമൂഹം കനത്ത ഭീഷണികൾ ഉയർത്തി. സ്വന്തം സമുദായത്തിൽ നിന്നും പുറത്താക്കി. എന്നാൽ, പിന്നീട് ജനപ്രിയ നടിയായി ദുർഗാഭായ് മാറി. എഴുപത് വർഷത്തോളം സിനിമയിൽ സജീവമായി നിന്നു.
ദുർഗാഭായിയെ പോലെ സിനിമാ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വനിതകൾ ഇനിയുമുണ്ട് ചരിത്ര താളുകളിൽ. അവരിൽ ഒരാളാണ് സരസ്വതി ഫാൽക്കേ. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിതാ എഡിറ്ററാണ് ദാദാ സാഹിബ് ഫാൽക്കേയുടെ ഭാര്യ സരസ്വതി ഫാൽക്കെ. സിനിമയുടെ പ്രീ പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും നിറ സാന്നിധ്യമായിരുന്നു സരസ്വതി ഫാൽക്കേ. ഫാൽക്കേയുടെ സിനമകളിലുടനീളം സാങ്കേതിക സഹായിയായിരുന്ന സരസ്വതി ഫാൽക്കേ തന്റെ ഭർത്താവിന്റെ സിനിമാ ജീവിതത്തിലുടനീളം വലംകൈയ്യായി നിന്നു.
ഇനിയുമുണ്ട് ഓർക്കാതെ പോയ നിരവധി സ്ത്രീരത്‌നങ്ങൾ. സിനിമയിൽ മാത്രമല്ല, സ്വാതന്ത്ര്യ സമരം മുതൽ, രാജ്യത്തിന്റെ ഓരോ പുരോഗതിയിലും ജീവനും ജീവിതവും ഉപേക്ഷിച്ച ഒട്ടേറെ സ്ത്രീകളെ ചരിത്രത്തിന്റെ താളുകളിൽ മാഞ്ഞു പോയിട്ടുണ്ട്. ഓരോ വനിതാ ദിനം കഴിയുമ്പോഴും തങ്ങളുടെ പോരാട്ട വീര്യം കൊണ്ട് സ്ത്രികൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. യുദ്ധമുഖത്തും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തും കലാ സാംസ്‌കാരിക രംഗങ്ങളിലും സ്ത്രീകൾ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post