ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. 28-30 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ആക്രമണത്തിമന് പിന്നിലെന്നാണ് കണ്ടെത്തൽ. ഐഇഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത് എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. നിർണായക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബംഗളൂരു എച്ച്എഎൽ പോലീസ് സ്‌റ്റേഷനിൽ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
സ്‌ഫോടക വസ്തു നിറച്ച ബാഗുമായി പ്രതി കഫേയിലെത്തുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കടയിലെത്തിയ ഇയാൾ റവ ഇഡ്ഡലി ഓർഡർ ചെയ്‌തെങ്കിലും അത് കഴിക്കാതെ കഫേയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. സ്‌ഫോടക വസ്തുക്കൾ നിറച്ച ബാഗ് എടുക്കാതെയാണ് പ്രതി മടങ്ങിയത്. ഇതിന് പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്.
പ്രതി ക്യാഷ് കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്തതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ ക്യാഷിയറെ ചോദ്യം ചെയ്ത് വരികയാണ്. ബാഗിലുള്ള ഐഇഡി അല്ലാതെ മറ്റൊരു തരത്തിലുള്ള സ്‌ഫോടക വസ്തുക്കളും പരിസര പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഭക്ഷണപ്രേമികൾ എപ്പോഴും സഞ്ചരിച്ചെത്തുന്ന കേന്ദ്രമാണ് കുന്ദനഹള്ളിയിലെ രാമേശ്വരം കഫെ. ബോളിവുഡ് താരങ്ങളുടെയും ഇഷ്ട ഭക്ഷണകേന്ദ്രമാണിത്. നിരവധി ബോളിവുഡ് താരങ്ങൾ ഇവിടെയെത്തി ഭക്ഷണം കഴിക്കുകയും അത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉച്ച നേരത്താണ് കഫേയിൽ തിരക്ക് അധികമാകാറുള്ളത്. ആ സമയത്ത് തന്നെ സ്‌ഫോടനം നടന്നതിൽ ദുരൂഹത ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസ് എൻഐഎ ഏറ്റെടുക്കാനും സാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നു.
Discussion about this post