അയോദ്ധ്യയിൽ രാംലല്ലയ്ക്ക് മുൻപിൽ രാഗസേവ സമർപ്പിച്ച് പ്രശസ്ത നടിയും നർത്തകിയുമായ വൈജയന്തിമാല. വൈജയന്തിമാലയുടെ നൃത്തപ്രകടനത്തിന് അഭിനന്ദനം നിറയുകയാണ് സമൂഹമാദ്ധ്യമങ്ങളിലെങ്ങും.
90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് എന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പ്രായത്തിൻറെ എല്ലാ വെല്ലുവിളികളെയും അതീജിവിച്ചുകൊണ്ടാണ് വൈജയന്തിമാല ഭരതനാട്യ പ്രകടനം ഭഗവാൻ രാമന് മുൻപിൽ സമർപ്പിച്ചത്.
ജനുവരി 22-ന് അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം രാഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ നടന്നുവരികയാണ്. പ്രതിഷ്ഠാ ചടങ്ങുകളുടെ തുടർച്ചയായി 27-ാം തീയതി മുതൽ ആണ് രാഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ ആരംഭിച്ചത്. നിരവധി ബോളിവുഡ് താരങ്ങളടക്കം രാഗ സേവയ്ക്കായി ഭഗവാൻറെ മുൻപിൽ എത്തിയിരുന്നു. ഇതിൻറെ ഭാഗമായാണ് വൈജയന്തിമാലയും രാമസന്നിധിയിൽ എത്തിയത്.
എന്നാൽ വൈജയന്തിമാലയുടെ കലാപ്രകടനം വളരെ പെട്ടെന്നാണ് സൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.നിരവധി ആരാധകർ താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തി. വളരെ ഗംഭീര പ്രകടനം, അഭിനന്ദനങ്ങൾ ഇങ്ങനെ നീളുന്നു കമൻറുകൾ.
പദ്മ പുരസ്കാരങ്ങളിൽ വൈജയന്തിമാല പദ്മ വിഭൂഷൺ പുരസ്കാരത്തിന് അർഹയായിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പുരസ്കാര പ്രഖ്യാപനത്തിലാണ് വൈജയന്തിമാല ഇടം പിടിച്ചത്. നേരത്തേ പദ്മശ്രീ, കലൈമാമണി, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾക്കും വൈജയന്തിമാല അർഹയായിട്ടുണ്ട്.
Discussion about this post