തിരുവനന്തപുരം: പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ കർശന നിർദേശവുമായി ഉത്തരവ്. ആര്‍.ടി.ഒമാരും ജോ. ആര്‍.ടി.ഒമാരും നിർദേശങ്ങൾ നൽകിക്കൊണ്ടാണ് മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ മാസം 15-നുള്ളില്‍ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം സര്‍ക്കുലറില്‍ ഇല്ല.
13.07 സെന്റ് സ്ഥലമാണ് ടെസ്റ്റിങ് ട്രാക്കിന് വേണ്ടത്. കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണ്ടിവരും. പുതിയതായി സ്ഥലം കണ്ടെത്തേണ്ടിവരുന്ന സാഹചര്യത്തില്‍ റവന്യു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാനാണ് സർക്കുലറിലെ നിര്‍ദേശം. മറ്റുമാര്‍ഗ്ഗമില്ലെങ്കില്‍ സ്വകാര്യ ഭൂമി പരിഗണിക്കാമെന്നും ഇതിൽ പറയുന്നു.
സ്ഥലം കണ്ടെത്തിയാൽ മാത്രം പോര, പുതിയതായി കിട്ടുന്ന സ്ഥലത്ത് ടെസ്റ്റിങ്ങ് ട്രാക്ക് ഒരുക്കേണ്ടതും, ശുചിമുറികള്‍, കുടിവെള്ളം, വാഹനപാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതല തന്നെയാണ്. ഇതിന് ചെലവാകുന്ന തുകയും എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം സര്‍ക്കുലറില്‍ ഇല്ല.
അപ്രായോഗികമായ നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളതെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി . ഒമ്പതിടത്ത് മാത്രമാണ് മോട്ടോര്‍വാഹനവകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഇതിലും മാറ്റം വരുത്തേണ്ടിവരും. ശേഷിക്കുന്ന 77 സ്ഥലങ്ങളില്‍ റവന്യു പുറമ്പോക്കിലും റോഡ് വക്കിലുമൊക്കെയാണ് പരിശോധന നടക്കുന്നത്. ഈ സ്ഥലങ്ങളിൽ മിക്കതും പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുനുള്ള സൗകര്യമില്ല.
കയറ്റത്തില്‍ നിര്‍ത്തിവാഹനം മുന്നോട്ട് എടുക്കുന്ന ഗ്രേഡിയന്റ് ടെസ്റ്റ് ഉള്‍പ്പെടെ നടത്തണമെങ്കില്‍ ട്രാക്ക് കോണ്‍ക്രീറ്റോ, ഇന്റര്‍ലോക്കോ ചെയ്യേണ്ടിവരും. മേയ് ഒന്നുമുതല്‍ പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശം. എന്നാൽ നോക്കുകൂലി പോലും കൊടുക്കാൻ പൈസയില്ലാത്ത സർക്കാർ ഇക്കാര്യങ്ങൾക്കായി എങ്ങനെ പണം കണ്ടെത്തും എന്നതിനെ സംബന്ധിച്ച് സർക്കുലറിൽ നിർദേശമില്ല.
Discussion about this post