വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സാക്ഷികളായ വിദ്യാർത്ഥികൾ. മൂന്ന് ദിവസം ഭക്ഷണം കൊടുക്കാതെയാണ് സിദ്ധാർത്ഥിനെ മർദ്ദിച്ചത്. മരിച്ച ദിവസവും മർദ്ദനമേറ്റിരുന്നു. കുടിവെള്ളം പോലും നൽകിയില്ല. ദാഹിക്കുന്നെന്ന് പറഞ്ഞപ്പോൾ നിലത്തെ മലനജലം കുടിപ്പിച്ചു. പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പുറത്ത് പറയാഞ്ഞത്. ഹോസ്റ്റൽ സമാന്തര കോടതിയാണ്. കോളേജ് യൂണിയൻ അംഗങ്ങളാണ് അവിടെ എല്ലാ കാര്യങ്ങൾക്കും തീർപ്പ് കൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
സിദ്ധാർത്ഥ് മരിക്കാനുള്ള കാരണം അറിയാമെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള സുഹൃത്തിന്റെ വാട്‌സ് ആപ് ചാറ്റ് നേരത്തെ പുറത്ത് വന്നിരുന്നു. സിദ്ധാർത്ഥിന്റെ സഹപാഠിക്ക് അയച്ച വാട്‌സ് ആപ് സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. സിദ്ധാർത്ഥ് മരിക്കാനിടയായ കാരണം തനിക്ക് മാത്രമേ അറിയൂ എന്നും പുറത്ത് പറയാൻ കഴിയില്ലെന്നുമാണ് സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സിദ്ധാർത്ഥിനെതിരെ വ്യാജ പരാതി നൽകിയ പെൺകുട്ടിയെയും പ്രതി ചേർക്കണമെന്ന് കുടംബം ആവശ്യപ്പെട്ടു. ആത്മഹത്യവാദത്തിന് തിയറി ഉണ്ടാക്കാനാണ് ഈ വ്യാജ പരാതി. ഇതിന് പിന്നിൽ ചില കോളേജ് അദ്ധ്യാപകരുടെ കൂടി ബുദ്ധിയുണ്ട്. കാരണമില്ലാത്ത ആത്മഹത്യ പ്രശ്‌നമാകും. അതിന് വേണ്ടിയാണ് പെൺകുട്ടിയെ കൊണ്ട് പരാതി നൽകിപ്പിച്ചത്. മരിച്ച ആളിന്റെ പേരിൽ പരാതി നൽകുന്നത് ലോകത്തിൽ ആദ്യമായിട്ടാണ്. കൊന്നവർ തന്നെയാണ് പരാതിയും നൽകുന്നതെന്നും സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു.












