പത്തനംതിട്ട: ഇടതു സർക്കാരിന്റെ അഴിമതിയും,ധൂർത്തും, സാമ്പത്തിക കടുകാര്യസ്ഥതയും മൂലമാണ് ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളം മുടങ്ങിയതെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് .സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം ക്രെഡിറ്റ് ചെയ്യുന്ന ഇടിഎസ്ബി അക്കൗണ്ട് മാർച്ച് ഒന്നു മുതൽ ട്രഷറി പേയ്‌മെന്റിൽ നിന്നും ഒഴിവാക്കി ഓൺലൈൻ പേയ്‌മെന്റ് പൂർണ്ണമായി മരവിപ്പിച്ചിട്ടുള്ളതിനാൽ ശമ്പള തുക ട്രഷറി അക്കൗണ്ടിൽ നിന്ന് കുറവു വരികയും എന്നാൽ ബാങ്ക് അക്കൗണ്ടിൽ എത്തുകയുമില്ല. ഇത്തരത്തിൽ സോഫ്റ്റ്വെയറിൽ ക്രമക്കേടും,തിരിമറിയും നടത്തി ജീവനക്കാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ പണം നൽകാത്തത് കൊണ്ടാണ് ശമ്പളം മുടങ്ങിയതെന്ന് വ്യാജ പ്രചാരണം നടത്തുന്ന ഭരണാനുകൂല സംഘടനകൾ സ്വയം അപഹാസ്യരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.മുടങ്ങിയ ശമ്പളം എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള എൻ. ജി. ഒ. സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. ജി. അശോക് കുമാർ, ആർ. ആരതി, വൈസ് പ്രസിഡന്റ് മാരായ പി. ആർ. രമേശ്, എൻ. ജി. ഹരീന്ദ്രൻ, ജോയിന്റ് സെക്രട്ടറി എൻ. രതീഷ് എന്നിവർ നേതൃത്വം നൽകി.
Discussion about this post