തിരുവനന്തപുരം; ആറു മാസം മുമ്പ് തിരുവനന്തപുരത്ത് നടന്ന റാഗിങ് മർദനത്തിലെ പ്രതികളെ പിടികൂടാതെ ഇരുട്ടിൽ തപ്പി പോലീസ്. തിരുവനന്തപുരം ഗവ.സംസ്‌കൃത കോളജിൽ എസ്എഫ്‌ഐക്കാരിൽ നിന്നും വിദ്യാർഥിക്കു മർദനമേറ്റ സംഭവത്തിൽ ആറുമാസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാവാൻ പോലീസിന് കഴിഞ്ഞില്ല.
സിപിഎം നേതാവും പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എസ് ബിന്ദുവിൻറെ മകൻ എസ് ആദർശിനായിരുന്നു ക്രൂര മർദനമേറ്റത്.2023 ഓഗസ്റ്റ് 24 നായിരുന്നു ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആദർശിന് മർദനമേറ്റത്. ഹെൽമെറ്റും തടിക്കഷ്ണവും കൊണ്ടുള്ള മർദനത്തിൽ താടിയെല്ല് തകർന്ന് ശരീരമാസകലം മർദനമേറ്റ ആദർശ് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരള സർവകലാശാല യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന എം.നസീം, എസ്എഫ്‌ഐ പ്രവർത്തകരായ ജിത്തു, സച്ചിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ ഇപ്പോൾ പലവഴിക്ക്.
സംഭവത്തെ തുടർന്ന് മർദനമേറ്റ ആദർശ് ബിരുദ പഠനം ഉപേക്ഷിച്ചു. നെയ്യാറ്റിൻകരയിൽ ഒരു വർഷത്തെ കമ്പ്യൂട്ടർ കോഴ്‌സിന് ചേർന്നു.
Discussion about this post