ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശിനി ഇന്ദിര ആണ് കൊല്ലപ്പെട്ടത്.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൃഷിസ്ഥലത്ത് കൂവ വിളവെടുക്കുകയായിരുന്നു ഇന്ദിര. ഇതിനിടെ പുഴ കടന്ന് എത്തിയ കാട്ടാന ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. ഇതിൽ ഇന്ദിരയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
സംഭവ സമയം സമീപത്തെ റബ്ബർ തോട്ടത്തിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇന്ദിരയുടെ കരച്ചിൽ കേട്ട് എത്തിയ ഇവരാണ് ആനയെ തുരത്തിയോടിച്ചത്. തുടർന്ന് ഇന്ദിരയെ ഉടനെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും ഇന്ദിരയ്ക്ക് ജീവൻ നഷ്ടമായിരുന്നു.
എറണാകുളം ഭാഗത്ത് നിന്നും ഓടിച്ചു വിട്ട കാട്ടാനയാണ് പ്രദേശത്ത് എത്തിയത് എന്നാണ് സൂചന. നേരത്തെയും ഇവിടെ കാട്ടാന എത്തിയിരുന്നു. ഇന്ദിരയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രണ്ടാമത്തെ ആളാണ് കാട്ടാന ആക്രമണത്തിൽ കൊലപ്പെടുന്നത്. നേരത്തെ ഓട്ടോ ഡ്രൈവർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഹർത്താൽ ഉൾപ്പെടെ നടത്തിയിരുന്നു. അതേസമയം വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post