ലക്നൗ :ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഇന്നലെയാണ് ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിലേക്ക് എത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സെൻട്രൽ സോണിലെ മഹാനഗർ കോട്വാലിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ചീഫ് കോൺസ്റ്റബിളിനാണ് ഭീക്ഷണി കോൾ വന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്തുമെന്ന് ആയിരുന്നു വിളിച്ചയാൾ കോൺസ്റ്റബിളിനോട് പറഞ്ഞത്. നിങ്ങൾ എവിടെ നിന്നാണ് സംസാരിക്കുന്നതെന്ന് കോൺസ്റ്റബിൾ ചോദിച്ചതോടെ ഇയാൾ കോൾ വയ്ക്കുകയും ചെയ്തു. ഉടൻ തന്നെ കോൺസ്റ്റബിൾ ഭീഷണി സന്ദേശത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു.
സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ ഹെഡ് കോൺസ്റ്റബിൾ ഉധം സിംഗിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികൾക്കെതിരെ മഹാനഗർ പോലീസ് അന്വേഷണം നടത്തുകയാണെന്നും അറിയിച്ചു. കഴിഞ്ഞ മാസം യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയ്ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
Discussion about this post