കൊൽക്കത്ത: രാജിവച്ച കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാദ്ധ്യായ് ബിജെപിയിലേക്ക്. പാർട്ടി പ്രവേശനത്തിന്റെ വിവരം അദ്ദേഹം തന്നെയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. വ്യാഴാഴ്ച പാർട്ടിയിൽ അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹം ജസ്റ്റിസ് സ്ഥാനം രാജിവച്ചത്. ഇതിന് തൊട്ട് പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. മാർച്ച് ഏഴിന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരിപാടിയിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ രണ്ടിലധികം വർഷക്കാലമായി വിവിധ വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തത്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ നടന്നിട്ടുള്ള വമ്പൻ അഴിമതിയെക്കുറിച്ചുള്ള ഗൗരവമേറിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പല പ്രമുഖരും ഇന്ന് അഴിയ്ക്കുള്ളിലാണ്. തന്റെ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബിജെപിയിൽ ചേരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു ഗംഗോപാദ്ധ്യായ് രാജിക്കത്ത് രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും കൈമാറിയത്. എന്നാൽ രാജിയ്ക്ക് പിന്നിലെ കാരണം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. അതിനാൽ ഉച്ചയോടെ വന്ന പ്രഖ്യാപനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
Discussion about this post