എണറാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസകിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയത്. പല കുറി നോട്ടീസ് അയച്ചിട്ടും ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ തയ്യാറാകാതിരുന്നതിനാൽ തോമസ് ഐസകിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇക്കുറി അദ്ദേഹം ഹാജരാകുമെന്നാണ് സൂചന.
കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ തോമസ് ഐസകിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന് എത്തുന്ന വേളയിൽ രേഖകൾ കരുതിയാൽ മതിയെന്നാണ് നിർദ്ദേശം.
മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസർവ് ബാങ്കിൻറെ അനുമതി വാങ്ങിയിരുന്നില്ലെന്നുമാണ് ആരോപണം. ഇതിലാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. വിദേശത്ത് നിന്നും ഫണ്ട് സമാഹരിച്ചത് ചട്ടം ലംഘിച്ചാണെന്നതിന് തെളിവുകൾ ഉണ്ടെന്നാണ് ഇഡി പറയുന്നത്. ചട്ട ലംഘനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരണമെങ്കിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യണം. ഈ സാഹചര്യത്തിലാണ് ഇഡി തുടർച്ചയായി അദ്ദേഹത്തിന് നോട്ടീസ് നൽകുന്നത്.
എന്നാൽ അനാവശ്യമായിട്ടാണ് ഇഡി നോട്ടീസ് അയക്കുന്നത് എന്നാണ് തോമസ് ഐസകിന്റെ വാദം. ഇതുൾപ്പെടെയുള്ള ആരോപണങ്ങളുമായി തോമസ് ഐസക് ഇഡിയ്‌ക്കെതിരെ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Discussion about this post