തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി കുറച്ചുള്ള മദ്യവിൽപ്പനയ്ക്ക് അനുമതി നൽകാനുള്ള ആലോചനയിൽ സംസ്ഥാന സർക്കാർ. മദ്യ ഉത്പാദകരുടെ സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ നീക്കം. വീര്യം കുറഞ്ഞ മദ്യം ആയിരിക്കും നികുതി കുറച്ച് സംസ്ഥാനത്ത് വിൽപ്പന നടത്തുക.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന വർദ്ധിപ്പിക്കാൻ നികുതി കുറയ്ക്കണം എന്നാണ് ഉത്പാദകർ പറയുന്നത്. ഏറെ കാലമായി ഈ ആവശ്യം സർക്കാരിന് മുൻപിൽ ഉത്പാദകർ വയ്ക്കുന്നുമുണ്ട്. എന്നാൽ അടുത്തിടെ ആവശ്യം ഉത്പാദകർ ശക്തമാക്കി. ഇതോടെയാണ് വഴങ്ങാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വീര്യം കുറഞ്ഞ മദ്യം റെഡി ഡ്രിങ്ക് എന്ന രീതിയിൽ വിൽപ്പന ആരംഭിച്ചിരുന്നു. ഇതേ മാതൃക കേരളവും സ്വീകരിക്കണം എന്നാണ് ആവശ്യം.
നിലവിൽ കെയ്‌സിന് 400 രൂപയ്ക്ക് മുകളിൽ ഉള്ള മദ്യത്തിന് 251 ശതമാനം ആണ് നികുതി. ഇതിന് താഴെ വിലയുള്ള മദ്യത്തിന് 245 ശതമാനവും. കേരളത്തിൽ വിൽക്കപ്പെടുന്ന ഭൂരിഭാഗം ബ്രാൻഡ് മദ്യത്തിനും 400 ന് മുകളിലാണ് വില. 42.86 ശതമാനം ആണ് സംസ്ഥാനത്ത് പുറത്തിറങ്ങുന്ന മദ്യത്തിലുള്ള ആൽക്കഹോളിന്റെ അളവ്. ഇത് 20 ശതമാനമാക്കി കുറയ്ക്കുമ്പോൾ നികുതിയും കുറയ്ക്കണം എന്നാണ് ഉത്പാദകരുടെ ആവശ്യം. ഇത്തരത്തിൽ നുകിതി കുറച്ച് വിൽക്കുമ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് ആവശ്യക്കാർ ഏറെയുണ്ടാകുമെന്നും ഇവർ പറയുന്നു.
Discussion about this post