തിരുവനന്തപുരം: ഭാരത് അരിക്ക് ലഭിക്കുന്ന ജനപ്രീതി മറികടക്കാൻ കെ റൈസ് എത്തിക്കാൻ സംസ്ഥാന സർക്കാർ. ഈ മാസം 12 മുതൽ വിതരണം ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നും ആളുകൾക്ക് കെ റൈസ് വാങ്ങാൻ സാധിക്കും.
കെ- റൈസ് ബ്രാൻഡിൽ ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുക. ജയ-29, കുറുവ-30, മട്ട-30 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് ജയ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ മട്ട, പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരി എന്നിങ്ങനെയാണ് വിതരണം ചെയ്യുക എന്ന് മന്ത്രി അറിയിച്ചു.
കാർഡൊന്നിന് 10 കിലോ വീതം അരി നൽകും. സാധാരണത്തേതിൽ നിന്നും മിതമായ നിരക്കിലായിരിക്കും അരി ഉപഭോക്താക്കൾക്ക് നൽകുക. കേന്ദ്രത്തിന്റെ ഭാരത് അരിയ്ക്ക് സമാനമായ രീതിയിൽ അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിൽ ആയിരിക്കും അരി ലഭിക്കുക. ഭാരത് അരി കിലോയ്ക്ക് 29 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഇതിലും വില കുറച്ച് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വില കുറവായതിനാൽ പെട്ടെന്ന് തന്നെ അരി വിറ്റ് പോകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതിനാൽ ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും അരിയെത്തിക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ട്.
എന്നാൽ ഭാരത് അരിക്ക് കേരളത്തിൽ വൻ ഡിമാന്റാണ് ഇപ്പോൾ ലഭിക്കുന്നത്. ഭാരത് അരിക്ക് പുറമേ വിപണി കീഴടക്കാൻ പരിപ്പും എത്തിയിരുന്നു. ഭാരത് ബ്രാൻഡ് ഉൽപന്നങ്ങളെല്ലാം വൻ കിഴിവുകളോടെയാണ് വിൽപന നടത്തുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ ഉൽപന്നങ്ങളെല്ലാം ജനങ്ങൾ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
Discussion about this post