ബംഗളൂരു: ഹിജാബിന്റെ പേരിൽ കർണാടകയിൽ വീണ്ടും പ്രശ്‌നങ്ങൾക്ക് തിരികൊളുത്തി മുസ്ലീം വിദ്യാർത്ഥിനികൾ. ക്ലാസുകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധം ആരംഭിച്ചു. ഹസ്സനിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ആണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നിലവിൽ ക്യാമ്പസിലേക്ക് യൂണിഫോം മാത്രം ധരിച്ച് വരാനാണ് അനുമതിയുള്ളത്. എന്നാൽ ഇത് ലംഘിച്ച് കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളിൽ ഒരാൾ ക്ലാസിലേക്ക് എത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ എന്താണ് ഹിജാബ് ധരിച്ച് എത്തിയത് എന്ന് ചോദിച്ചു. ചെവിയ്ക്ക് പ്രശ്‌നം ഉണ്ടെന്നും ഇത് മറയ്ക്കുന്നതിന് വേണ്ടിയാണ് തലയിൽ ഹിജാബ് ധരിച്ചത് എന്നും കുട്ടി മറുപടി നൽകി. എന്നാൽ ഇതിൽ പന്തികേട് തോന്നിയ അദ്ധ്യാപിക വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് വിദ്യാർത്ഥിനിയെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തി അദ്ധ്യാപകർ സംഭവത്തെക്കുറിച്ച് സംസാരിച്ചു. ഇതിന് പുറമേ ക്യാമ്പസിലേക്ക് ഹിജാബ് ധരിച്ച് എത്തില്ലെന്ന് വിദ്യാർത്ഥിനിയിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉറപ്പും വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു വിഭാഗം പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.
നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കരുത് എന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് നിലവിലെ പ്രതിഷേധം.
Discussion about this post