എറണാകുളം: ഒരു ഭാരതീയനായ തനിക്ക് അമ്പലത്തിൽ പോകാൻ അവകാശമില്ലേയെന്ന് നടൻ ബാലാജി ശർമ്മ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ ബാലാജി ശർമ്മയ്ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അയോദ്ധ്യയിൽ ദർശനം നടത്തിയതിന് പിന്നാലെ പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് മോശം കമന്റുകൾ ഇട്ടത്. ചിലർ എന്റെ അമ്മയെവരെ ചീത്തവിളിച്ചു. അത് കണ്ടപ്പോൾ വലിയ സങ്കടം ആണ് ഉണ്ടായത്. ഇത്രയും പറയാൻ എന്ത് തെറ്റാണ് ചെയ്തത്?. അയോദ്ധ്യ സന്ദർശിച്ചതാണോ ഇത്ര വലിയ അപരാധം ആയത്. ഒരു ഭാരതീയൻ എന്ന നിലയിൽ അമ്പലത്തിൽ പോകാനുള്ള അവകാശം ഇല്ലേ. അതോ അയോദ്ധ്യയിൽ പോയതു കൊണ്ടാണ് ഇത്രയും വലിയ അധിക്ഷേപം എന്നും അദ്ദേഹം ചോദിച്ചു.
നിരവധി പേർ ഞാനൊരു മതതീവ്രവാദിയാണെന്ന തരത്തിൽ പരാമർശം നടത്തി. ഞാൻ അമ്പലത്തിലും പള്ളികളിലും മസ്ജിദുകളിലും പോകാറുണ്ട്. പോസിറ്റിവിറ്റി എവിടെ നിന്നെല്ലാം ലഭിക്കുന്നുവോ അവിടെയെല്ലാം ഞാൻ ചെല്ലും. വീഡിയോകൾ പങ്കുവയ്ക്കുകയും ചെയ്യും. അയോദ്ധ്യയിൽ പോയത് മതഭ്രാന്ത് കൊണ്ടല്ല. മക്കയിലേക്ക് പോകാൻ നാളെ ഒരു അവസരം ലഭിച്ചാൽ പോകും. പോപ്പിനെ കാണാൻ അവസരം ലഭിച്ചാൽ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെറ്റിയിൽ ജയ്ശ്രീറാം പതിപ്പിച്ചതിനെതിരെ വലിയ വിമർശനങ്ങൾ ആണ് ഉയർന്നിരുന്നത്. അയോദ്ധ്യ, കാശി എന്നിവിടങ്ങളിലെല്ലാം ക്ഷേത്ര കവാടത്തിൽ നെറ്റിയിൽ കുറി പതിപ്പിക്കുന്ന സംഘം ഉണ്ടാകും. മകൾ വാശിപിടിച്ചപ്പോൾ അത് ചെയ്തതാണ്. ഇത് ഇത്ര വലിയ തെറ്റാണോ?. വിമർശിക്കാം. പക്ഷെ അത് ആരോഗ്യപരമായ രീതിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post