ന്യൂഡൽഹി: വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ പരിപാടിയെ പ്രശംസിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ജനങ്ങളുടെ ആഗ്രഹങ്ങൾ ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി വികസിത ഭാരതം മാറുകയാണ് . പ്രധാനമന്ത്രി നരേന്ദ്രമോദിയും ചാന്ദ്രയാനും എപ്പോഴും ജനങ്ങളുടെ മനസ്സിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിയ വികസിത ഭാരതം അംബാസഡർ ആർട്ടിസ്റ്റ് വർക്ക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർട്ടിസ്റ്റ് വർക്ക്‌ഷോപ്പ് മഹത്തായ പരിപാടിയായിരുന്നു. ഇവിടെയുള്ള ആളുകളുടെ കഴിവുകൾ പരിപാടിയിലൂടെ കാണാൻ സാധിച്ചു. ചാന്ദ്രയാന്റെ ശക്തമായ സ്വാധീനവും എനിക്ക് ഇവിടെ കാണാൻ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയ്ക്ക് വൈകാതെ സാധിക്കും. ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നമ്മുടേത്. സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വികസിത ഭാരതം എന്നതിലൂടെ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ മൂന്നാമതാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഓരോ പൗരനും ഇന്ത്യയുടെ വൈവിധ്യം അനുഭവിക്കാൻ അവസരമുണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ജി 20 രാജ്യത്ത് നടത്തിയത്. രാജ്യതലസ്ഥാനത്ത് മാത്രമായി ജി20 പരിമിതപ്പെടുത്തരുത് എന്ന് കരുതിയിരുന്നു. അതുകൊണ്ട് രാജ്യത്തെ പ്രധാന ഇടങ്ങളെല്ലാം ജി20ക്ക് വേദിയായി. ലോകത്ത് ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നു എന്നതാണ് വികസിത ഭാരതം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ രാജ്യത്തെക്കുറിച്ച് എല്ലാവരും അറിയേണ്ടത് പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
കല എന്ന മാദ്ധ്യമത്തിലൂടെ വികസിത ഭാരതത്തിന്റെ വിവധ ആവിഷ്‌കാരങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്ന് പരിപാടിക്ക് ശേഷം അദ്ദേഹം എക്‌സിൽ കുറിച്ചു. മോദിയുടെ ഗ്യാരന്റി എന്ന സന്ദേശമാണ് ഇന്ന് രാജ്യം അംഗീകരിക്കുന്നത് . അതിനുള്ള തെളിവുകളാണ് വർക്ക്‌ഷോപ്പിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
Discussion about this post