ഇടുക്കി: സിപിഎം മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ചില നേതാക്കൾ എത്തി അംഗത്വം പുതുക്കാനായി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
താൻ എ രാജയ്‌ക്കെതിരെ പ്രവർത്തിച്ചിട്ടില്ല. ഇത് കെട്ടിച്ചമച്ചകാര്യമാണ്. ഇവർക്കൊപ്പം മുന്നോട്ട് പോകാൻ താൻ ആഗ്രഹിക്കുന്നില്ല. ചില നേതാക്കൾ പാർട്ടി അംഗത്വം പുതുക്കണമെന്ന ആവശ്യവുമായി തന്റെ അടുത്ത് എത്തിയിരുന്നു. എന്നാൽ അതിന് ആഗ്രഹിക്കുന്നില്ല. തനിക്ക് വലിയ മാനസിക വിഷമമാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായിട്ടുള്ള തീരുമാനം ആണ് ഇത്. എല്ലാം അനുഭവിച്ചത് താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ ചതിച്ചവർക്കൊപ്പം പോകാൻ താത്പര്യപ്പെടുന്നില്ല. അത്തരക്കാരോടൊപ്പം പോകാനും പ്രവർത്തിക്കാനുമെല്ലാം പ്രയാസമുണ്ട്. പാർട്ടിയിൽ താൻ തുടരരുത് എന്നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ കെ.വി ശശി ആഗ്രഹിക്കുന്നത്. ഏരിയാ സെക്രട്ടറിയാണ് മെമ്പർഷിപ്പ് പുതുക്കണം എന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഷനിൽ ആണ്. ഇത് പിൻവലിച്ചില്ലെങ്കിൽ ബിജെപിയിൽ ചേരുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മെമ്പർഷിപ്പ് പുതുക്കില്ലെന്ന് വ്യക്തമാക്കിയത്.
Discussion about this post