ഇടുക്കി: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം. മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് കർഷകന് സാരമായി പരിക്കേറ്റു. മംഗളംപാറ സ്വദേശി അന്തോണി മുത്തു തങ്കയ്യയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൃഷിയിടത്തിൽ നനയ്ക്കാൻ പോയതായിരുന്നു അന്തോണി. ഇതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഇതിൽ അദ്ദേഹത്തിന്റെ കാലിനും നടുവിനും സാരമായി പരിക്കേറ്റു. തുടർന്ന് രക്ഷപ്പെടാൻ കഴിയാതെ അവിടെ തന്നെ കിടക്കുകയായിരുന്നു.
ഈ സമയം ഇവിടേയ്ക്ക് എത്തിയ വനവാസികൾ ആണ് രക്തത്തിൽ കുളിച്ച നിലയിൽ അന്തോണിയെ കണ്ടത്. തുടർന്ന് ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാലിന് ഒടിവുണ്ട്. നട്ടെല്ലിനേറ്റ പരിക്കും ഗുരുതരമാണ്. ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ പരിക്ക് സാരമുള്ളത് ആയതിനാൽ പിന്നീട് അദ്ദേഹത്തെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് അന്തോണി. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
Discussion about this post