ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതീവ ജാഗ്രത. പോലീസ് പട്രോളിംഗ് ഉൾപ്പെടെ ഡൽഹിയിൽ ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസ് നടപടി.
2019 ൽ പൗരത്വ നിയമ ഭേദദഗതി പാർലമെന്റ് പാസാക്കിയതിന് പിന്നാലെ മതമൗലികവാദികളുടെ ശക്തമായ പ്രതിഷേധത്തിനായിരുന്നു ഡൽഹി സാക്ഷിയായത്. നിയമം പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ സമാന സാഹചര്യം വീണ്ടും ഉണ്ടാകാനാണ് സാദ്ധ്യത. ഇതേ തുടർന്നാണ് ഡൽഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കിയത്.
കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടായയത് വടക്ക് കിഴക്കൻ ഡൽഹിയിൽ ആയിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കാനാണ് പോലീസുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന് പുറമേ അനധികൃതമായി സംഘം ചേരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കസ്റ്റഡിയിൽ എടുക്കാൻ നിർദ്ദേശമുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനും പോലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2019 ഡിസംബർ 11 നായിരുന്നു പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്. ഇതിന് പിന്നാലെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ മതതീവ്രവാദികൾ സംഘടിക്കുകയും വ്യാപക ആക്രമണങ്ങൾ അഴിച്ചുവിടുകയുമായിരുന്നു. ഈ സംഘർഷം ദിവസങ്ങളോളം നീണ്ടു. അക്രമ സംഭവങ്ങളിൽ 50 ലധികം പേർ കൊല്ലപ്പെടുകയും നൂറ് കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്.
Discussion about this post