തിരുവനന്തപുരം; അന്താരാഷ്ട്ര ർെമിനലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലും എയർ ട്രാഫിക് കൺട്രോൾ ടവറുമടക്കം നിർമ്മിച്ച് തിരുവനന്തപുരം വിമാനത്താവളത്തെയും ജില്ലയെയും വികസിപ്പിക്കാൻ ഒരുങ്ങി അദാനി. അന്താരാഷ്ട്ര വിമാനത്താവള വികസനത്തിന് അഞ്ച് വർഷം കൊണ്ട് 4000കോടിയുടെ പദ്ധതികളാണ് അദാനി നടപ്പാക്കുക. അന്താരാഷ്ട്ര ടെർമിനലിന് തൊട്ടരികിലായി 240മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുള്ള പദ്ധതി സർക്കാരിന്റെ അനുമതിക്കായി കൈമാറിക്കഴിഞ്ഞു.
ടെർമിനൽ വികസനമാണ് അടുത്തതായി അദാനി ലക്ഷ്യം വയ്ക്കുന്നത്. ബ്രഹ്മോസിനടുത്തെ ഭൂമി നൽകണമെന്ന് അദാനിയുടെ ആവശ്യപ്രകാരം എയർപോർട്ട് അതോറിട്ടി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളൊരുക്കി, യാത്രക്കാരെ ആകർഷിച്ച് വിമാനത്താവള നടത്തിപ്പ് ലാഭകരമാക്കാനാണ് നീക്കം.
അന്താരാഷ്ട്ര ടെർമിനലിന്റെ ചാക്കയിലെ പ്രവേശന കവാടത്തിന് സമീപത്തായാണ് പുതിയ എ.ടി.സി നിർമ്മിക്കുന്നത്. ടെർമിനലിന്റെ വലതു ഭാഗത്ത് പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ പാരിസ്ഥിതികാനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
240 മുറികളുള്ള 660പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള ഫ്‌ളൈഓവർ ഇറങ്ങിവരുന്നിടത്താണ് നിർമ്മാണം. അദാനി നിർമ്മിക്കുന്ന ഹോട്ടൽ, ഒബ്‌റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് കൈമാറും. കേരളത്തിൽ വിമാനത്താവളത്തിന് തൊട്ടരികിലായി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്ല. യാത്രക്കാർക്കും ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ ഇതിലൂടെ സൗകര്യമൊരുങ്ങും. നിലവിൽ പൈലറ്റുമാരെയും എയർഹോസ്റ്റസുമാരെയും വിമാനക്കമ്പനികൾ മറ്റു ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത്. സർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരെയും ഇവിടെ താമസിപ്പിക്കാം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് 150മീറ്റർ അടുത്തായാണ് ഹോട്ടൽ നിർമ്മിക്കുന്നത്.
2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള വികസനമാണ് നടപ്പാക്കുക. പദ്ധതികൾ പകുതി ഘട്ടത്തിലെത്തുമ്പോൾ തന്നെ തിരുവനന്തപുരത്ത് വൻ മാറ്റങ്ങൾ കണ്ട് തുടങ്ങും. പദ്ധതി പൂർത്തികരണത്തോടെ ജില്ലയുടെയും അത് വഴി സംസ്ഥാനത്തിന്റെയും മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ.
Discussion about this post