കോട്ടയം : വീടിനകത്ത് അതിക്രമിച്ചു കടന്ന് 70 പവൻ സ്വർണം മോഷ്ടിച്ചു. കോട്ടയം വൈക്കത്താണ് സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70 പവൻ തൂക്കം വരുന്ന സ്വർണ്ണ-വജ്രാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈക്കം നഗരസഭയിലെ ഒമ്പതാം വാർഡിൽ താമസിക്കുന്ന തെക്കേനാവള്ളിൽ പുരുഷോത്തമൻ നായർ എന്ന വ്യക്തിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഗൃഹനാഥനും ഭാര്യയും മകളും ആണ് ഈ വീട്ടിൽ താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ മൂന്ന് പേരും അടിയന്തര ആവശ്യത്തിനായി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു ഇവർ തിരികെ എത്തിയത്. ഈ സമയത്താണ് മോഷണം നടന്ന വിവരം അറിയുന്നത്.
വീടിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്. വീടിന്റെ സമീപത്ത് സൂക്ഷിച്ചിരുന്ന ഏണി ഭിത്തിയിൽ ചാരിവച്ച നിലയിൽ പോലീസ് കണ്ടെത്തി. വീട്ടിലെ നാലു മുറിയിലെയും സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്. പോലീസും വിരലടയാള വിദഗ്ധരും എത്തി സംഭവസ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
Discussion about this post