തിരുവനന്തപുരം: പല കേന്ദ്രങ്ങളിൽ നിന്നും വെല്ലുവിളി ഉയർന്നതിനെ തുടർന്നാണ് ബിജെപിയിൽ അംഗമാകാൻ തീരുമാനിച്ചതെന്ന് മുൻ ഡിസിസി സെക്രട്ടറി തമ്പാനൂർ സതീഷ്. കെ കരുണാകരൻ മരിച്ചതിന് ശേഷം കോൺഗ്രസിൽ തകർച്ച തുടങ്ങി. ഇനിയും കോൺഗ്രസിൽ നിന്നും പ്രവർത്തകർ ബിജെപിയിലെത്തും. കേരളത്തിൽ ഇത്തവണ ബിജെപിയുടെ മുന്നേറ്റം ശക്തമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കെ കരുണാകരൻ മരിച്ചതിന് ശേഷം കോൺഗ്രസിന്റെ തകർച്ച തുടങ്ങി. അതിന്റെ പ്രതിഫലമാണ് ഇപ്പോൾ സംഭവിക്കുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ മുന്നോട്ട് പോകുന്നതിൽ പലപ്പോഴും പാർട്ടിയോട് ചോദ്യങ്ങൾ ഉന്നയിക്കേണ്ടി വന്നിട്ടുണ്ട്. അതിനൊന്നും കോൺഗ്രസ് നേതാക്കൾ മറുപടി തന്നിട്ടില്ല. അതിന്റെ പ്രതിഷേധം കൊണ്ട് കൂടിയാണ് പാർട്ടിയിൽ നിന്നും ഇറങ്ങിയത്. കെപിസിസിയുടെ ഭാഗത്ത് നിന്നും തെറ്റായ പ്രവണതകൾ ഉണ്ടായപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചിലർ വിട്ടു പോയതുകൊണ്ട് കോൺഗ്രസിന് ഒരു പ്രശ്‌നവുമില്ലെന്ന് ചില കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ കാണാനിടയായി. എന്നാൽ, ഇതൊരു തുടക്കം മാത്രമാണ്. 14 സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള കുത്തൊഴുക്കാണ് ഇനി ഉണ്ടാകാൻ പോകുന്നത്. ഇപി ജയരാജൻ പറഞ്ഞിട്ടാണ് കോണഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്നാണ് പലരും പറയുന്നത്. അതു പറയുന്നവർക്ക് നാണമില്ലേ… മോദിയുടെ ഗ്യാരന്റിയാണ് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്’ – സതീഷ് പറഞ്ഞു.
കേരളത്തിൽ ഇത്തവണ ബിജെപിയുടെ മുന്നേറ്റം ശക്തമായി ഉണ്ടാകും. ഇനിയും മറ്റ് പാർട്ടികളിൽ നിന്നുമുള്ള പ്രവർത്തകർ ബിജെപിയിലേക്ക് എത്തും. കെ കരുണാകരനെ സ്‌നേഹിക്കുന്ന കൂടുതൽ കോൺഗ്രസുകാർ ബിജെപിയിലേക്ക് വരും. തന്നെ ഇനിയും പരിഗണിക്കാമെന്ന് നേതാക്കൾ പറഞ്ഞിരുന്നു. ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ നിന്ന് അപകടത്തിൽ പെടാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് സ്വയം പിരിഞ്ഞുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post