പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്റെ സംസാരം ആരംഭിച്ചത്.
പത്തനംതിട്ടയിലെ സഹോദരീ സഹോദരന്മാരെ, എല്ലാവർക്കും എന്റെ നമസ്‌കാരം എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോദന ചെയ്ത അദ്ദേഹം ഇത്തവണ ബിജെപിക്ക് നാനൂറിലേറെ സീറ്റുകൾ വേണമെന്നും ആവശ്യപ്പെട്ടു. സദസിലിരുന്ന ജനങ്ങളെല്ലാം മോദിയുടെ വാക്കുകൾ ഏറ്റു പറഞ്ഞു.
ഇത്തവണ കേരളത്തിൽ താമര വിരിയും. കേരളത്തിൽ നിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണം. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുന്നു. അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിൽ അഴിമതിക്ക് പേരു കേട്ട സർക്കാരുകളാണ് മാറിമാറി വരുന്നത്. ഒരു തവണ കോൺഗ്രസ് ഒരു തവണ എൽഡിഎഫ് എന്ന ചക്രം പൊളിക്കണം. കേരളത്തിൽ വൈദികർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ ക്യാമ്പസുകൾ കമ്മ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുകയാണ്. സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ഇവിടെ ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post