വയനാട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും അഞ്ച് ലക്ഷം തട്ടിയ 28കാരി പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. രാജസ്ഥാൻ സ്വദേശിനിയായ മനീഷ മീണ(28) യെയാണ് വയനാട് സൈബർ പോലീസ് പിടികൂടിയത്.
2023ലായിരുന്നു കേസിനാസ്പദമായ സംഭവം. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് മനീഷ ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഈ അക്കൗണ്ട് വഴി യുവാവിനെ നഗ്ന വീഡിയോ കോൾ വിളിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്.
യുവാവിന്റെ പരാതിയിൽ ഏഴ് മാസത്തെ അന്വേഷണത്തിന് ശേഷമാണ് യുവതിയെ പിടികൂടിയത്. ഇൻസ്‌പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയ്പൂരിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് തിരക്കി എത്തിയെന്നറിഞ്ഞ മനീഷ തട്ടിയെടുത്ത പണം ഉടൻ തന്നെ യുവാവിന് തിരിച്ചയച്ചിരുന്നു. എസ്.ഐ ബിനോയ് സ്‌കറിയ, എസ്.സി.പി.ഒമാരായ കെ. റസാക്ക്, സലാം കെ.എ, ഷുക്കൂർ പി.എ, അനീസ്, സി.പി.ഒ വിനീഷ സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Discussion about this post