എറണാകുളം: ആലുവയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയ കാർ കണ്ടെത്തി പോലീസ്. ഇന്നോവ കാറിലാണ് പ്രതികൾ യുവാവുമായി കടന്ന് കളഞ്ഞത്. കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ ആയിരുന്നു വാഹനം. അതേസമയം പ്രതികൾ കടന്നു കളഞ്ഞതായി പോലീസ് അറിയിച്ചു.
കാർ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് വിശദമായി പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ കാറ് കിടക്കുന്നതായി പ്രദേശവാസികളിൽ ചിലർ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്.ആലുവ നഗര മദ്ധ്യത്തിലെ സിസിടിവിയിൽ കാറിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
ഇന്നലെ രാവിലെയോടെയായിരുന്നു ആലുവ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്ത് ഇറങ്ങിയ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇത് അവിടെയുണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ കണ്ടിരുന്നു. ഇവരാണ് വിവരം പോലീസിനെ അറിയിച്ചത്.
ഉടനെ പോലീസ് പ്രദേശത്ത് മൊത്തം അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
Discussion about this post