എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ഇഡിയ്ക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. കേസ് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന അലി നൽകിയ ഹർജിയിൽ ആണ് കോടതിയുടെ ഇടപെടൽ. കേസിൽ ഉൾപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇതിന് പുറമേ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അതിനാൽ സാമ്പത്തിക ഇടപാടുകൾക്ക് പ്രശ്‌നം നേരിടുന്നുണ്ട്. ഇതേ തുടർന്നാണ് അദ്ദേഹം ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്. അന്വേഷണം ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോകരുതെന്ന് അദ്ദേഹം പറഞ്ഞു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കേസ് അവസാനിപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
അതേസമയം അടിയ്ക്കടിയുണ്ടാകുന്ന കോടതിയുടെ ഇടപെടലാണ് അന്വേഷണം നീണ്ടു പോകുന്നതിലേക്ക് നയിക്കുന്നത് എന്ന് ഇഡി അേറിയിച്ചു. കരുവന്നൂർ കേസ് അന്തിമ ഘട്ടത്തിലാണ്. ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കും. കരുവന്നൂരിന് പുറമേ കേരളത്തിലെ 12 സഹകരണ ബാങ്കിലെ അഴിമതി കൂടി അന്വേഷിക്കുന്നുണ്ട്. ഇതും കരുവന്നൂർ കേസ് നീളുന്നതിന് കാരണം ആകുന്നുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
Discussion about this post