തൃശൂർ: സിനിമാ താരം ടൊവിനോയുടെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിൽ തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറിനെതിരെ പരാതിയുമായി എൻഡിഎ. തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം സുനിൽ കുമാർ ദുരുപയോഗം ചെയ്തതായി എൻഡിഎ കുറ്റപ്പെടുത്തി. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും സുനിൽ കുമാറിന്റെ സ്ഥാനാർത്ഥിത്വം തടയണമെന്നും എൻഡിഎ പരാതിയിൽ ആവശ്യപ്പെട്ടു. എൻഡിഎ ജില്ലാ കോർഡിനേറ്റർ അഡ്വ. രവികുമാർ ഉപ്പത്താണ് കളക്ടർക്ക് പരാതി നൽകിയത്.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽകുമാർ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രമുൾപ്പടെയുള്ള പോസ്റ്റിട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു.
എന്നാൽ, താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണെന്നും തന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും പിന്നീട് ടൊവിനോ പ്രതികരിച്ചിരുന്നു. പോസ്റ്റ് വിവാദമായതോടെ സുനിൽ കുമാർ പോസ്റ്റ് പിൻവലിച്ചു. പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് എടുത്ത ചിത്രമാണെന്നും ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡർ ആണെന്ന് അറിയില്ലായിരുന്നു എന്നുമായിരുന്നു സുനിൽ കുമാറിന്റെ വിശദീകരണം.
Discussion about this post