വയനാട് :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
സ്വിറ്റ്സർലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പുൽപ്പള്ളി സ്വദേശിയിൽനിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. മൂന്ന് വർഷം മുൻപാണ് യുവാവിന് സ്വിറ്റസർലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്. ഇത് കൂടാതെ വയനാട്ടിൽ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. വയനാട്ടിൽ നിന്ന് മാത്രം 25 ലക്ഷം രൂപ ഇയാൾ തട്ടിയതായാണ് വിവരം.
സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ബത്തേരി എസ് ഐ ശശികുമാറിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ കെ.എസ് അരുൺജിത്ത്, സി.പി.ഒമാരായ വി.ആർ അനിത്, എം. മിഥിൻ, പി.കെ. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് കലാഭവൻ സോബി ജോർജിനെ പിടികൂടിയത്.
അതേസമയം, ബാലഭാസ്‌കർ കേസുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയിൽ താൻ ഉറച്ചുനിൽക്കുന്നതായും കഴിഞ്ഞദിവസം സിബിഐക്ക് മൊഴി നൽകിയതിന്റെ പരിണിതഫലമാണ് നിലവിലെ കേസുകളെന്നും സോബി പ്രതികരിച്ചു.
Discussion about this post