ഇടുക്കി: കോൺഗ്രസ് നേതാവ് ഡീൻ കുര്യക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം. മണി നടത്തിയത് നാടൻ ഭാഷാ പ്രയോഗമാണെന്ന് വ്യാഖ്യാനിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് ആണ് രംഗത്ത് എത്തിയത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് സിപിഎമ്മിന്റെ രീതി അല്ലെന്നും വർഗീസ് പറഞ്ഞു.
എംഎം മണി നടത്തിയത് നാടൻ ഭാഷാ പ്രയോഗം ആണ്. തങ്ങൾ ആരെയും വ്യക്തിഹത്യ ചെയ്യുന്ന പാർട്ടിയല്ല. അങ്ങനെയൊരു ശീലം സിപിഎമ്മിന് ഇല്ലെന്നും വർഗീസ് വ്യക്തമാക്കി. ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഎമ്മിൽ തന്നെ തുടരും. അദ്ദേഹം പാർട്ടിവിടും എന്നത് അടിസ്ഥാന രഹിതമായ വാർത്തകൾ മാത്രമാണ്.
തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ രാജേന്ദ്രൻ സജീവമായി ഇറങ്ങും. രാജേന്ദ്രൻ വ്യക്തികളെ കാണുന്നതിനോട് പാർട്ടിക്ക് എതിർപ്പില്ല. എ.കെ ആന്റണിയുടെയും കെ. കരുണാകരന്റെയും കുടുംബത്തിൽ നിന്നുള്ളവർ ബിജെപിയിൽ പോയി. ഇനി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ആരെങ്കിലും പോയാൽ എല്ലാം തികഞ്ഞെന്നും വർഗീസ് കുറ്റപ്പെടുത്തി.
ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്ന് ആയിരുന്നു എംഎം മണിയുടെ പരാമർശം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്ന വ്യക്തിയാണ് ഡീൻ കുര്യാക്കോസ്. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടക്കുകയാണ് ഡീൻ ചെയ്യുന്നത്. കെട്ടിവച്ച കാശ് പോലും ഡീൻ കുര്യാക്കോസിന് കിട്ടില്ല. മുൻ എംഎപി പിജെ കുര്യൻ പെണ്ണുപിടിയനാണെന്നും മണി പറഞ്ഞിരുന്നു.
Discussion about this post