ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അണ്ണാ ഹസാരെ. ചെയ്തികൾക്കുള്ള ഫലമാണ് അരവിന്ദ് കെജ്രിവാൾ അനുഭവിക്കുന്നത് എന്ന് അണ്ണാ ഹസാരെ പറഞ്ഞു. അറസ്റ്റിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അരവിന്ദ് കെജ്രിവാളിന്റെ പ്രവർത്തികളോട് ഒന്നും യോജിക്കാൻ കഴിഞ്ഞിരുന്നില്ല. മദ്യത്തിനെതിരെ തന്നോടൊപ്പം ചേർന്ന് ശബ്ദമുയർത്തിയിരുന്ന അദ്ദേഹമാണ് പിന്നീട് നേട്ടത്തിനായി മദ്യ നയം രൂപീകരിക്കുന്നത്. സ്വന്തം ചെയ്തികളുടെ ഫലമാണ് ഇപ്പോൾ കെജ്രിവാൾ അനുഭവിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ അഴിമതി തടയുന്നതിനുള്ള ലോക്പാൽ ബില്ലിനായി കെജ്രിവാളും അണ്ണാ ഹസാരെയും ഒന്നിച്ച് നിരവധി തവണയാണ് നിരാഹാര സമരം നടത്തിയിട്ടുള്ളത്. പിന്നീട് കെജ്രിവാളും അനുയായികളും ചേർന്ന് അഴിമതിയ്‌ക്കെതിരെ പോരാടാനെന്ന പേരിൽ ആംആദ്മി രൂപീകരിക്കുകയായിരുന്നു.
Discussion about this post