എറണാകുളം: പെരുമ്പാവൂരിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി അമലാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിലായിരുന്നു അപകടം. അമലും സുഹൃത്തും ചേർന്ന് ബെക്കുകളിൽ മത്സരയോട്ടം നടത്തുകയായിരുന്നു. ഇതിനിടെ നിയന്ത്രണംവിട്ട് എതിർദിശയിൽ എത്തിയ ബസിനടിയിലേക്ക് അമലിന്റെ ബെെക്ക് ഇടിച്ചു കയറി.
അപകടത്തിൽ അമലിന് സാരമായി പരിക്കേറ്റിരുന്നു. ബസിനടിയിൽപ്പെട്ട അമലിനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തിൽ ബസിൻറെ റേഡിയേറ്റർ വരെ തകർന്നുപോയിരുന്നു. പട്ടിമറ്റം ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്നു ബസ്. ബസിന്റെ സിസിടിവിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post