മോസ്‌കോ: റഷ്യയെ ഞെട്ടിച്ച് തലസ്ഥാനമായ മോസ്‌കോയിൽ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീകരാക്രമണം. 60 പേർ കൊല്ലപ്പെട്ടു. 145 ലധികം പേർക്ക് പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്.
മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിനുള്ളിലായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ഇവിടെ പ്രമുഖ ബാൻഡായ പിക്‌നിക്ക് സംഗീത നിശ സംഘടിപ്പിച്ചിരുന്നു. ഇത് തുടങ്ങാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഹാളിനുള്ളിലേക്ക് ഭീകര സംഘം മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളുമായി അതിക്രമിച്ച് കടക്കുകയായിരുന്നു.
ഇതിന് പിന്നാലെ കാണികൾക്ക് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. ഭീതിയിൽ ജനക്കൂട്ടം അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ ആരംഭിച്ചതോടെ ഭീകര സംഘം വെടിയുതിർത്തു. സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഹാളിന് തീപിടിച്ചു.
സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും ഭീകര സംഘം കടന്നു കളഞ്ഞിരുന്നു. പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവരിൽ ചിലരുടെ ആരോഗ്യനില മോശമാണ്. അതിനാൽ മരണ സംഖ്യ വീണ്ടും ഉയർന്നേക്കാമെന്നാണ് ആശങ്ക. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് വന്നു.
ആറായിരത്തോളം പേർക്ക് ഒന്നിച്ച് പങ്കെടുക്കാവുന്ന ഹാളാണ് ക്രോക്കസ് സിറ്റി ഹാൾ. പരിപാടി കാണാൻ ഇന്നലെ രാത്രി ഇവിടെ ആയിരത്തോളം പേർ എത്തിയിരുന്നുവെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ആളുകൾ ഹാളിനുള്ളിൽ കുടുങ്ങി. ഇവരെ പോലീസ് എത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
Discussion about this post