തിരുവനന്തപുരം: കേരളത്തിൽ ശിക്ഷാകാലാവധിക്കിടെ മുങ്ങുന്ന കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ച. പരോളിൽ ഇറങ്ങി മുങ്ങിയവരെയും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരെയും പിടികൂടുന്നതിലും നിരീക്ഷിക്കുന്നതിലും പോലീസിന് ഗുരുതര വീഴ്ച്ചയെന്ന കണക്കുകൾ പുറത്ത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത് 42 കൊടും കുറ്റവാളികളാണ്. ഇവരിൽ 25 പേരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും 70 പ്രതികളാണ് പരോളിൽ ഇറങ്ങി മുങ്ങിയത്. ഇതിൽ 67 പേർ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്.
സംസ്ഥാനത്ത് സ്ഥിരം കുറ്റവാളികളെ കണ്ടെത്താനും ജയിൽ ചാടിയവരെ പിടികൂടാനും ശക്തമായ സംവിധാനങ്ങളുണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ വാദം നിലനിൽക്കുമ്പോഴാണ് ഇത്രയും ഗുരുതര വീഴ്ച്ചകൾ തെളിയിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്. ജയിൽ ചാടിയവരെയും പരോളിലിറങ്ങി മുങ്ങിയവരെയും പിടികൂടാനും സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും ഉൾപ്പെടെ പ്രത്യേകം രജിസ്റ്ററുകൾ പോലീസിന്റെ പക്കൽ ഉണ്ട്. എന്നാൽ, ഇതെല്ലാമുണ്ടായിട്ടും പോലീസ് സംവിധാനങ്ങൾ എത്രകണ്ട് പരാജയമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post