ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സംഘത്തിനും കനത്ത തിരിച്ചടിയായി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭാരത് രാഷ്ട്രീയ സമിതി (ബിആർഎസ്) നിയമസഭാംഗം കെ കവിതയെ ഡൽഹി കോടതി ശനിയാഴ്ച മാർച്ച് 26 വരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. ഇതോടു കൂടി കൃത്യമായ തെളിവുകളുടെ പിൻബലത്തോട് കൂടി തന്നെയാണ് നേതാക്കളെ ഇ ഡി കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.
മാർച്ച് 26 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കെ കവിതയെ വീണ്ടും കോടതിക്ക് മുമ്പാകെ ഹാജരാകാൻ ഇഡിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മാർച്ച് 15 ന് ഹൈദരാബാദിൽ വെച്ച് ഇഡി അറസ്റ്റ് ചെയ്ത കവിതയെ പിന്നീട് ഡൽഹിയിലേക്ക് കൊണ്ട് വന്നിരുന്നു . ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം അവരുടെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് മാർച്ച് 16 ന് ഡൽഹി റൂസ് അവന്യൂ കോടതി കവിതയെ മാർച്ച് 23 വരെ കസ്റ്റഡിയിൽ വിട്ടു.
ഡൽഹി മദ്യനയത്തിൽ ആനുകൂല്യം നേടാൻ, പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും മുൻ മന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് 100 കോടി രൂപ ആം ആദ്മി പാർട്ടിക്ക് കെ കവിത നൽകുകയും ചെയ്തു എന്നാണ് കേസ്.
Discussion about this post