1200 മുതൽ 1300 കോടി വർഷം വരെ പഴക്കമുള്ള നക്ഷത്രസമൂഹത്തെ കണ്ടെത്തി. നക്ഷത്ര സമൂഹത്തിന് സൂര്യനേക്കാൾ പത്ത് ദശലക്ഷം ഭാരമുണ്ടെന്നാണ് കണ്ടത്തൽ. ശിവ, ശക്തി എന്നിങ്ങനെയാണ് ഇവയ്ക്ക് പേര് നൽകിയിരിക്കുന്നത്.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശ ടെലസ്‌കോപ്പിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി, ജർമനിയിലെ ഹൈഡൽബർഗിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിട്യൂട്ട് ഫോർ അസ്‌ട്രോണമിയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
സമാനമായ രാസഘടനയുള്ള രണ്ട് നക്ഷത്ര സമൂഹങ്ങളാണ് ഇവയെന്നാണ് കണ്ടെത്തൽ. ഹൈന്ദവ വിശ്വാസപ്രകാരം ശിവന്റെയും ശക്തിയുടെയും സംയോജത്തിൽ നിന്നാണ് പ്രപഞ്ചമുണ്ടായത്. അതുകൊണ്ടാണ് നക്ഷത്ര സമൂഹത്തിന് ശിവ, ശക്തി എന്നീ പേരുകൾ നൽകിയിരിക്കുന്നത്. 1200 കോടി വർഷങ്ങൾക്ക് മുൻപ് ക്ഷീരപഥത്തിന്റെ ആദിമ ഭാഗങ്ങളുമായി ലയിച്ച രണ്ട് വ്യത്യസ്ത ഗ്യാലക്‌സികളുടെ അവശിഷ്ടങ്ങളാകാം ഇതെന്നാണ് കരുതുന്നത്.
പ്രപഞ്ചത്തിൽ എങ്ങനെ ഗ്യാലക്‌സികൾ രൂപപ്പെടുന്നു എന്നതിനെ കുറിച്ചാണ് ഗവേഷണം നടത്തുന്നത്. ഈ പുതിയ നക്ഷത്ര സമൂഹങ്ങളെ കണ്ടെത്തിയതിലൂടെ പ്രാരംഭ ഘട്ടങ്ങളെ കുറിച്ച് ഒരു ധാരണ ലഭിച്ചെന്ന് ശാസ്ത്രജ്ഞനായ ഖ്യാതി മൽഹാൻ വ്യക്തമാക്കി.
ശിവയും ശക്തിയും ഗ്യാലക്‌സിയുടെ കേന്ദ്രത്തിൽ നിന്നും ഏകദേശം 30,000 പ്രകാശവർഷങ്ങൾക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ശിവയുടെ സമൂഹമാണ് ഈ കേന്ദ്രത്തോട് അൽപ്പം കൂടി അടുത്ത് സ്ഥിതി ചെയ്യുന്നത്. മറ്റ് നക്ഷത്ര സമൂഹങ്ങളിൽ നിന്നും ഈ നക്ഷത്ര സമൂഹങ്ങളുടെ ഘടനയ്ക്ക് വ്യത്യാസമുണ്ട്. ഇരുമ്പ്, കാർബൺ, ഓക്‌സിജൻ, എന്നീങ്ങനെയുള്ള മൂലകങ്ങൾ ഇതിൽ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post