എറണാകുളം : എറണാകുളത്ത് ട്വന്റി ട്വന്റി പാർട്ടി ആരംഭിച്ച മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ തടഞ്ഞു. കിഴക്കമ്പലം പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്നാണ് മെഡിക്കൽ സ്റ്റോർ അടക്കാനായി കളക്ടർ ഉത്തരവിട്ടത്. 80 ശതമാനം വിലക്കുറവിൽ ആയിരുന്നു ട്വന്റി ട്വന്റി ആരംഭിച്ച മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾ വിൽപ്പന നടത്തിയിരുന്നത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം ആണ് ട്വന്റി ട്വന്റി എറണാകുളത്ത് മെഡിക്കൽ സ്റ്റോർ തുറന്നിരുന്നത്. ഇക്കാരണത്താലാണ് തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മെഡിക്കൽ സ്റ്റോർ പ്രവർത്തനം നിർത്താനായി ഉത്തരവിട്ടത്. മാർച്ച് 21നായിരുന്നു എറണാകുളത്തെ മെഡിക്കൽ സ്റ്റോർ കിറ്റക്സ് മാനേജിംഗ് ഡയറക്ടർ കൂടിയായ സാബു എം ജേക്കബ് ഉദ്ഘാടനം ചെയ്തിരുന്നത്.
രാജ്യത്ത് ഏറ്റവും വിലകുറച്ചു മരുന്നു ലഭിക്കുന്ന ആദ്യത്തെ മെഡിക്കൽ സ്റ്റോർ കിഴക്കമ്പലത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്നായിരുന്നു ട്വന്റി ട്വന്റി പ്രചാരണം നടത്തിയിരുന്നത്. മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള എല്ലാ പോസ്റ്ററുകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം പിൻവലിക്കാനും റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post