കാൽവരിക്കുന്നിൽ മൂന്ന് ആണികളാൽ കുരിശിൽ തറയ്ക്കപ്പെട്ട യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ദിനമാണ് ഈസ്റ്റർ. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം മാത്രമാണെന്നും അന്തിമമായ വിജയം സത്യത്തിനു മാത്രമാണെന്നുമാണ് ഓരോ ഈസ്റ്ററും നമ്മെ പഠിപ്പിക്കുന്നത്.
ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ പ്രധാനമായും തയ്യാറാക്കുക. ഇതിൽ ഏറ്റവും ആകർഷകമായ ഒന്നാണ് ഈസ്റ്റർ മുട്ട. ഈസ്റ്റർ സമയമായാൽ പിന്നെ നിരത്തുകളിലും കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. എന്താണ് ഈസ്റ്റർ മുട്ടയ്ക്ക് ഈ ദിനത്തിലുള്ള പ്രാധാന്യം?.
ഈസ്റ്റർ മുട്ട, പാസ്‌കൽ മുട്ട എന്നിങ്ങനെയെല്ലാം ഇത് അറിയപ്പെടുന്നു. ഈസ്റ്റർ ദിനത്തിൽ ഇവ സമ്മാനമായി കൊടുക്കറുണ്ട്. പണ്ടു കാലത്ത് നിറങ്ങൾ തേച്ച മുട്ടകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, ഇന്നത്തെ കാലത്ത് നിറമുള്ള ഫോയിൽ പേപ്പറുകൾ കൊണ്ട് പൊതിഞ്ഞ ചോക്‌ലേറ്റ് മുട്ടകളും കൈ കൊണ്ട് നിർമിച്ച തടി കൊണ്ടുള്ള മുട്ടകളും അല്ലെങ്കിൽ ചോക്‌ലേറ്റ് നിറച്ച പ്ലാസ്റ്റിക് മുട്ടകളും ഉപയോഗിക്കാറുണ്ട്.
ഈസ്റ്റർ ദിനത്തിൽ കുട്ടികൾക്കായി ഈസ്റ്റർ മുട്ടകൾ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. അതുപോലെ തന്നെ ഈ ദിവസം പള്ളികളിൽ പ്രാർത്ഥനകൾക്കും മറ്റ് ചടങ്ങുകൾക്കും ശേഷം ആശിർവദിച്ച ഈസ്റ്റർ മുട്ടകൾ വിശ്വാസികൾക്ക് വിതരണം ചെയ്യാറുണ്ട്. കോഴിയുടേയോ താറാവിന്റെയോ മുട്ട വേവിച്ച് പുറംതോട് നിറങ്ങൾ കൊണ്ട് അലങ്കരിച്ച് ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗതമായ ഈസ്റ്റർ മുട്ട.
Discussion about this post