എറണാകുളം: കൊച്ചി മെട്രോ സ്റ്റേഷന് മുകളിൽ മരപ്പട്ടി കുടുങ്ങി. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മരപ്പട്ടി കുടുങ്ങിയത് ഉദ്യോഗസ്ഥരെയും യാത്രികരെയും ആശങ്കയിലാഴ്ത്തി.
മെട്രോ കയറാൻ എത്തിയ യാത്രികനാണ് മരപ്പട്ടിയെ ആദ്യം കണ്ടത്. ഉടനെ വിവരം സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. മെട്രോ സ്റ്റേഷനിലെ വൈദ്യുത പൈപ്പിന് മുകളിലൂടെ ഓടിനടക്കുകയായിരുന്നു മരപ്പട്ടി. ഇത് കണ്ടതോടെ സുരക്ഷാ ജീവനക്കാർ ജാഗ്രതയിലായി. പോലീസും സ്ഥലത്ത് എത്തിയിരുന്നു.
മരപ്പട്ടിയെ കണ്ടതോടെ മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇതിന് പിന്നാലെ മരപ്പട്ടിയെ സ്റ്റേഷന് പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലായി ജീവനക്കാർ. അരമണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് മരപ്പട്ടിയെ അധികൃതർ സ്റ്റേഷന് പുറത്ത് എത്തിച്ചത്.
Discussion about this post