കൊവിഡ് കാലത്ത് സിനിമ മേഖലയ്ക്ക് വലിയൊരു ആശ്രയമായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമുകൾ . തിയേറ്ററുകൾ വീണ്ടും പ്രേക്ഷകർക്കായി തുറന്നപ്പോഴും ഒടിടി സിനിമയെ സ്വാധീനിച്ചിരുന്നു. പിന്നാലെ ഇത്തരം പ്ലാറ്റ്‌ഫോമുകൾ കൂണുപോലെ മുളച്ചതോടൊപ്പം അതിനായി മാത്രം സിനിമകൾ നിർമ്മിക്കാൻ തുടങ്ങുന്ന സാഹചര്യവും വന്നെത്തി. എന്നാൽ ഇപ്പോഴിതാ ഈ ട്രെൻഡ് മാറി സിനിമകൾക്ക് തിയേറ്ററിനെ വീണ്ടും ആശ്രയിക്കേണ്ട സാഹചര്യം വന്നെത്തിയിരിക്കുകയാണ്. .
ഒടിടിയുടെ നല്ല കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധർ പിള്ള പറയുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾ വൻ തുകയ്ക്ക് സിനിമകളുടെ അവകാശം സ്വന്തമാക്കുന്ന രീതിയ്ക്ക് ഇതോടെ അവസാനമായി. 2021-22-ലെ കൊവിഡ് കാലത്തിന് ശേഷമുള്ള വില ഇനി സിനിമകൾക്ക് ലഭിക്കില്ല. 2022-ൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ നൽകിയ വിലയുടെ മൂന്നിലൊന്ന് മാത്രമായിരിക്കും ദക്ഷിണേന്ത്യൻ സിനിമകൾക്ക് ഇനി ലഭിക്കുക എന്നും ശ്രീധർ പിള്ള വ്യക്തമാക്കുന്നു. ചില , തമിഴ് തെലുങ്ക് സിനിമകൾ ഒടിടി ഏറ്റെടുക്കുന്നുണ്ട് എന്നത് മാറ്റി നിർത്തിയാൽ പ്രാദേശിക സിനിമകളുടെ ഒടിടി കച്ചവടം അവസാനിച്ച മട്ടാണ്. ഇനി സിനിമകൾ വാങ്ങേണ്ടതില്ലെന്നാണ് ഒടിടികൾ തീരുമാനിച്ചിരിക്കുന്നത്. പല സിനിമകളിൽ നിന്നും മുടക്ക് മുതലിന്റെ 10 ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.
27 കോടിക്ക് അവകാശം വാങ്ങിയ ഒരു സിനിമയിൽ നിന്ന് ഒടിടിക്ക് ലഭിച്ചത് 50 ലക്ഷത്തിൽ താഴെ മാത്രമാണ്. ഏജന്റുമാരാണ് നിർമ്മാതാക്കളും ഒടിടിയുമായുള്ള കച്ചവടം നടത്തുന്നത്. മാത്രമല്ല ഒടിടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നവർക്കും കമ്മീഷൻ കൊടുക്കേണ്ടി വരുന്നു. ഇത്തരത്തിൽ പരിധി ലംഘിച്ചതോടെയാണ് ഇനി സിനിമയെടുക്കേണ്ട എന്ന തിരുമാനത്തിലെത്തിയത്.ഒടിടിയെ പ്രതീക്ഷിച്ച് നിർമ്മിച്ച മുപ്പതോളം സിനിമകളെങ്കിലും നിലച്ച മട്ടാണ്. സൂപ്പർ ഹിറ്റ് സിനിമകളുടെ അവസ്ഥ മറ്റൊന്നല്ല. റിലീസ് ചെയ്ത് കളക്ഷൻ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ഏറ്റെടുക്കൂ എന്നും ഒടിടി വ്യക്തമാക്കിയിട്ടുണ്ട്. വമ്പൻ സിനിമകൾ പോലും കടുത്ത വിലപേശലിന് ശേഷമാണ് പരിഗണിക്കപ്പെടുന്നത്.
Discussion about this post