ന്യൂഡൽഹി: നികുതി വെട്ടിപ്പിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. പാർട്ടിയ്ക്ക് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 1700 കോടി രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
കോൺഗ്രസ് നേതാവ് വിവേക് തൻഖയാണ് ഇക്കാര്യം അറിയിച്ചത്. 2017-18, 2020-21 വർഷങ്ങളിൽ നടത്തിയ വെട്ടിപ്പിലാണ് നോട്ടീസ്. വെട്ടിച്ച നികുതിയും പിഴയും പലിശയും ചേർന്നാണ് ഇത്രയും വലിയ തുക. നോട്ടീസിൽ നൽകിയിരിക്കുന്ന തുക എത്രയും വേഗം അടയ്ക്കണം എന്നാണ് നിർദ്ദേശം. അല്ലാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. മറ്റ് വർഷങ്ങളിൽ നടത്തിയ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും വകുപ്പ് പാർട്ടിയ്ക്ക് നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം.
പാർട്ടിയുടെ ഫണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ ആദായ നികുതി വകുപ്പിന്റെ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ഇന്നലെ കോടതി തള്ളി. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷീന്ദ്ര കുമാർ കൗരവ് എന്നിവർ അദ്ധ്യക്ഷരായ ബെഞ്ചാണ് ഹർജി തള്ളിയത്.
Discussion about this post