കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ ഇന്റേണൽ മാർക്കിൽ തിരിമറി. ഫലപ്രഖ്യാപനത്തിന് ശേഷം മാർക്ക് തിരുത്തിയത് ആയാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന് പുറമേ ഉത്തരക്കടലാസുകൾ കാണാതെ ആയ സംഭവങ്ങളിൽ ഉത്തരവാദികളെ കണ്ടെത്താൻ സർവ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
43 പേരുടെ ഇൻറേണൽ മാർക്കാണ് തിരുത്തിയത്. 2020-21 അദ്ധ്യയന വർഷം പഠിച്ച വിദ്യാർത്ഥികളുടെ മാർക്കുകൾ ആണ് തിരുത്തിയത്. ഈ വർഷത്തെ സിൻറിക്കേറ്റ് പരീക്ഷാ സ്റ്റാൻറിംഗ് കമ്മറ്റിയുടെ മിനുട്‌സുൾപ്പെടെ ഓഡിറ്റ് വിഭാഗം പരിശോധിച്ചിരുന്നു. ഇതിലാണ് മാർക്കിൽ തിരിമറിയുണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. ഇത് സർവകലാശാലാ ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഫലം പ്രഖ്യാപിച്ച ശേഷം മാർക്കിൽ തിരുത്തൽവരുത്തരുത് എന്നാണ് ഹാൻഡ് ബുക്ക് ഓഫ് എക്‌സാമിനേഷനിൽ പറയുന്നത്. എന്നാൽ ഇതാണ് ലംഘിക്കപ്പെട്ടത്. ചട്ടവിരുദ്ധമായി 2020-21 അദ്ധ്യയന വർഷം 200 വിദ്യാർത്ഥികൾക്ക് ഇൻറേണൽ മാർക്ക് മെച്ചപ്പെടുത്താൻ അനുമതി നൽകിയതായും റിപ്പോർട്ടിലുണ്ട്. ഇക്കാര്യം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ഇതേ വർഷം അമ്പതിലധികം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സർവ്വകലാശാലയിൽ നിന്നും കാണാതെ ആയിരുന്നു. ഈ സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് സർവ്വകലാശാലയിൽ നിന്നും ഉണ്ടായത്. ഇതിന്റെ ഉത്തരവാദികളെ കണ്ടെത്താൻ ഇതുവരെ സർവ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഓഡിറ്റ് വിഭാഗത്തെ പരീക്ഷാ വിഭാഗം അറിയിച്ചിരുന്നു. ഇത് തൃപ്തികരം അല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post