പത്തനംതിട്ട: മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസകിന് ആകെ ആസ്തി 13,00,00 രൂപ. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. 20,000 പുസ്തകങ്ങൾ ഉണ്ടെന്നും നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കുന്നു.
തോമസ് ഐസകിന് സ്വന്തമായി വീടോ വസ്തുവോ ഇല്ല. ആകെയുള്ളത് 13,38,909 രൂപയുടെ ആസ്തിയാണ്. 20,000 പുസ്തകങ്ങൾ തോമസ് ഐസകിന്റെ പക്കലുണ്ട്. ഇതിന് 9,60,000 രൂപയാണ് മൂല്യം. ബാക്കിയുള്ള 1,31,725 രൂപ സ്ഥിര നിക്ഷേപം ആണ്. ഇത് കെഎസ്എഫ്ഇ സ്റ്റാച്യൂ ബ്രാഞ്ചിലാണ്. ഇവിടെ തന്നെ ചിട്ടിയുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
77,000 രൂപയാണ് ബാങ്കിൽ അടച്ചിട്ടുള്ളത്. തിരുവനന്തപുരം ട്രഷറി സേവിംഗ്‌സ് ബാങ്കിൽ ആറായിരം രൂപയും പെൻഷനേഴ്‌സ് ട്രഷറി അക്കൗണ്ടിൽ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്ബിഐ എസ്ബി അക്കൗണ്ടിൽ 39,000 രൂപയും കെഎസ്എഫ്ഇയുടെ സ്റ്റാച്യു ബ്രാഞ്ചിൽ സുഗമ അക്കൗണ്ടിൽ 36,000 രൂപയും ഉണ്ട്. തിരുവനന്തപുരത്തെ അനിയന്റെ വീട്ടിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.
10,000 രൂപ കൈവശമുണ്ട്. മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
Discussion about this post