പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുലാപ്പള്ളി ടാക്‌സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.
വീടിന്റെ മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാർ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാൻ പോലീസിനെ അനുവദിച്ചില്ല. കളക്ടർ അടക്കമുള്ള അധികൃതർ സ്ഥലത്തെത്തണമെന്നാണ് അവരുടെ ആവശ്യം.
പത്തനംതിട്ടയിൽ നിന്നും ശബരിമലയിലേക്കുള്ള പ്രധാന പാതിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തുലാപ്പള്ളി നിരവധിപേർ താമസിക്കുന്ന ജനവാസ മേഖല കൂടിയാണ്.
Discussion about this post