തിരുവനന്തപുരം; കേരളത്തിൽ കഴിഞ്ഞദിവസം ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് കാരണം കള്ളക്കടൽ എന്ന പ്രതിഭാസമാണെന്ന് വിദഗ്ധർ വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് കള്ളക്കടൽ?
സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കുന്നതാണ് കള്ളക്കടൽ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികൾ ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്. രണ്ടുദിവസം കൂടി കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നാണ് ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുമായി സമാനതകളുണ്ട് ഈ കള്ളക്കടൽ പ്രതിഭാസത്തിന്. സുനാമിയുടെ സമയത്ത് തീരം ഉള്ളിലോട്ട് വലിഞ്ഞ ശേഷം തിരമാലകൾ അടിച്ചുകയറുകയാണ് ചെയ്യുന്നത്. ഇതുപോലെ തന്നെയാണ് കള്ളക്കടൽ സമയത്ത് ഇന്നലെ സംഭവിച്ചത്.
അതിനിടെ സംസ്ഥാനത്ത് തീരങ്ങളിൽ ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരള, തമിഴ്‌നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസം തീരത്തെ മറ്റിടങ്ങളിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
Discussion about this post