വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ തിരിഞ്ഞ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനസ്.”ഇന്ന് പുതിയ ബംഗ്ലാദേശിന്റെ ജന്മദിനമാണ്, ഇത് മഹത്തായ ആഘോഷത്തിന്റെ ദിനമാണെന്ന് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചു. ഹസീനയുടെ കാലത്തെ ‘ദുസ്വപ്നം’ എന്ന് വിശേഷിപ്പിച്ച യൂനസ്, മുൻകാലത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് രാജ്യം മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കി. ഡാക്കയിലെ ഗുൽഷൻ മോഡൽ ഹൈസ്കൂളിലെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.
1971-ലെ വിമോചന യുദ്ധത്തിന് ശേഷം ബംഗ്ലാദേശ് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിച്ചുപണിക്കാണ് ഇപ്പോൾ കളമൊരുങ്ങിയിരിക്കുന്നത്. ഭാരതത്തിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 2025 നവംബറിൽ ബംഗ്ലാദേശ് കോടതി, വധശിക്ഷ വിധിച്ചിരുന്നു. ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്നും പൂർണ്ണമായും വിലക്കിയതോടെ പോരാട്ടം ബിഎൻപിയും (BNP) ജമാഅത്തെ ഇസ്‌ലാമിയും തമ്മിലായി.
1971-ലെ യുദ്ധകാലത്ത് ഭാരതവിരുദ്ധ നിലപാട് സ്വീകരിച്ച ചരിത്രമുള്ള ജമാഅത്തെ ഇസ്‌ലാമിക്ക് ഭരണത്തിൽ സ്വാധീനം ലഭിക്കുന്നത് അതിർത്തി സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. 2024-ലെ പ്രക്ഷോഭകാലത്ത് ഹസീന സർക്കാർ നടത്തിയ അടിച്ചമർത്തലിൽ 1,400 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ചോരപ്പുഴയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ തീവ്ര നിലപാടുള്ള സംഘടനകൾക്ക് ലഭിക്കുന്ന പിന്തുണയാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, പുതിയ സർക്കാർ ഏത് നിലപാട് സ്വീകരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. യൂനസ് ‘പുതിയ ബംഗ്ലാദേശ്’ എന്ന് ആവർത്തിക്കുമ്പോഴും, അത് മതേതരത്വത്തിലേക്കാണോ അതോ മതമൗലികവാദത്തിലേക്കാണോ നീങ്ങുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു.








