ഭോപ്പാൽ: ഭോജശാല സരസ്വതി ക്ഷേത്ര – കമൽ മൗല മസ്ജിദ് കേസിൽ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. സ്ഥലത്ത് ആർക്കിയോളജിക്കൽ സർവ്വേ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. ആർക്കിയോളജിക്കൽ സർവ്വേ നടത്താൻ ഹിന്ദുക്കളുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ മുസ്ലീം വിഭാഗം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
സർവ്വേയ്ക്ക് അധികാരമുള്ള ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് ചില നിർദ്ദേശങ്ങളും കോടതി നൽകി. സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുമതി ലഭിക്കാതെ തുടർ നടപടികൾ സ്വീകരിക്കരുത് എന്നതായിരുന്നു നിർദ്ദേശങ്ങളിൽ ഒന്ന്. തർക്ക മേഖലകളിൽ കുഴിയെടുത്ത് പരിശോധന നടത്തരുത് എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 11 നായിരുന്നു ഹൈക്കോടതി ആർക്കിയോളജിക്കൽ സർവ്വേ നടത്താൻ അനുമതി നൽകിയത്. ഭോജശാലയിലെ കമൽ മൗല മസ്ജിദിന് മുൻപ് സരസ്വതി ക്ഷേത്രമായിരുന്നുവെന്നും, ഇത് തെളിയിക്കാൻ സർവ്വേയ്ക്ക് അനുമതി നൽകണം എന്നുമായിരുന്നു ഹർജി. ഇത് പരിഗണിച്ചായിരുന്നു അനുമതി.
നേരത്തെ മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് സരസ്വതി ക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാക്കി പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് രംഗത്ത് വന്നിരുന്നു.
Discussion about this post