തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാൽ തന്നെ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37°C വരെയും ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമാകാം. സാധാരണയെക്കാൾ 2 മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
അതേസമയം രാജ്യത്ത് ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും വേണ്ട മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. ഏപ്രിൽമുതൽ ജൂൺവരെയാണ് കടുത്തചൂട് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു. ഈ സമയം രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറൻ ഹിമാലയൻമേഖല, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയരും.
വിവിധ ഇടങ്ങളിൽ പത്തുമുതൽ 20 ദിവസംവരെ ഉഷ്ണതരംഗങ്ങൾക്കും സാധ്യതയുണ്ട്. ഗുജറാത്ത്, മധ്യമഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, വടക്കൻ ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം കാര്യമായി ബാധിക്കുക.
തീരമേഖലയിൽ ഇന്നും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തിൽ വേഗമേറിയ തിരകൾക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
Discussion about this post