എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. എംകെ കണ്ണൻ, എസി മൊയ്തീൻ എന്നീ നേതാക്കള്‍ക്ക് കൂടി ഇനി വൈകാതെ നോട്ടീസ് നല്‍കും.
കേസില്‍ സഹകരണ രജിസ്ട്രാർമാർക്കും പങ്കുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. പത്ത് വർഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാർമാരാണെന്ന് ഇഡി പറയുന്നു. ഈ കാലയളവിൽ ചുമതല വഹിച്ചവരെ പ്രതികളാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, എം.എം. വര്‍ഗീസിനെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ബുധനാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആണ് നിര്‍ദേശം. പാര്‍ട്ടിക്ക് തൃശൂര്‍ ജില്ലയില്‍ മാത്രം 25ലേറെ രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പത്ത് വര്‍ഷത്തിനിടെ രഹസ്യ അക്കൗണ്ടുകള്‍ വഴി 100 കോടിയിലേറെ രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നും ഇഡി കണ്ടെത്തി.
Discussion about this post