മലപ്പുറം: മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലങ്കോട് ആണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
പെൻഷൻ വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബാങ്ക് നൽകിയ പരാതിയിലാണ് ചങ്ങരംകുളം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
2019 ഡിസംബറിൽ മരിച്ച പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ പെൻഷൻ തട്ടി എടുത്തു എന്നാണ് പരാതി. ഒരു വർഷത്തോളമുള്ള പെൻഷനാണ് ഇയാള്‍ തട്ടിയത്. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ കണ്ടെത്തിയിട്ടുണ്ട്. ഹക്കീമിനെതിരെ
നടപടി ആവശ്യപ്പെട്ട് കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.










