ജയ്പൂർ: രാജസ്ഥാനിൽ രാജസ്ഥാനിൽ പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശികൾക്ക് സാങ്കേതിക സഹായവും സേവനങ്ങളും ഉറപ്പുവരുത്തി ആർഎസ്എസ് അംഗീകൃത സംഘടന.പാകിസ്താനിൽ നിന്നെത്തിയ ഹിന്ദുക്കൾക്കാണ് ജോധ്പൂരിലെ സീമജാൻ കല്യാൺ സമിതി എന്ന സംഘടന സഹായം ചെയ്യുന്നത്. ഇതിനായി ഇവർ മേഖലയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വരികയാണെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ജൈസാൽമെർ, ബാർമർ, ജോധ്പൂർ ജില്ലകളിൽ താമസിക്കുന്ന 330 വിദേശ കുടിയേറ്റക്കാർക്കാണ് സംഘടനയുടെ പിന്തുണയോടെ സർട്ടിഫിക്കറ്റുകൾ ലഭിച്ചത്.. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള indiancitizenshiponline.nic.in വെബ്സൈറ്റ് വഴിയാണ് ഇവരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി ആറു രാഷ്ട്രങ്ങളിൽനിന്നുള്ള ന്യൂനപക്ഷ സമുദായങ്ങൾക്കാണ് സിഎഎ വഴി ഇന്ത്യൻ പൗരത്വം നൽകുന്നത്. ഇതിനായി അപേക്ഷിക്കുമ്പോൾ ‘പ്രാദേശിക കീർത്തിയുള്ള സാമുദായിക സംഘടകൾ’ ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സത്യവാങ്മൂലത്തോടൊപ്പം ഈ സർട്ടിഫിക്കറ്റു കൂടി ചേർത്താണ് അപേക്ഷ നൽകേണ്ടത്. ഇതാണ് ഇപ്പോൾ ആർഎസ്എസ് അംഗീകൃത സംഘടന ഇഷ്യൂ ചെയ്തുകൊണ്ടിരിക്കുന്നത്.
സീമജാൻ കല്യാൺ സമിതി അംഗീകൃത സംഘടനയാണ് എന്നും ത്രിഭുവൻ സിങ് റാത്തോർ എന്ന, ഒരു സംഘടനാ ഭാരവാഹിക്ക് സർട്ടിഫിക്കറ്റിൽ ഒപ്പുവയ്ക്കാനുള്ള യോഗ്യതയുണ്ടെന്നും സമിതി അംഗവും അഭിഭാഷകനുമായ വിക്രം സിങ് രാജ്പുരോഹിത് വ്യക്തമാക്കി.
Discussion about this post